വെളിച്ചമായി മുത്തശ്ശി

തനൂജ എസ് ഭട്ടതിരി


ലളിതാംബിക അന്തര്‍ജനത്തിന്റെ ഇരുപത്തഞ്ചാം ചരമവാര്‍ഷിക ദിനമായിരുന്നു ഫെബ്രുവരി ആറ്.

കര്‍ത്തവ്യബോധമുള്ള ഒരു കേരളീയ കര്‍ഷക കുടുംബിനിക്ക് ഒരു എഴുത്തുകാരിയായി വിജയിക്കാന്‍ എത്ര പ്രയാസമാണ്! മുത്തശ്ശി (ലളിതാംബിക അന്തര്‍ജനം) എത്ര എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പെഴുതി.
ഇന്ന് 'കര്‍ഷക കുടുംബിനി' എന്നത് 'ഉദ്യോഗസ്ഥ കുടുംബിനി'  എന്ന് മാറ്റിവെക്കണമെന്നുമാത്രം. ഇന്നും സ്ത്രീകള്‍ക്ക് പ്രയാസമേറിയതു തന്നെ ജീവിതം.
സ്ത്രീകള്‍ പഠിക്കണമെന്നും ജോലി ചെയ്തു ജീവിക്കണമെന്നും മുത്തശ്ശി ആഗ്രഹിച്ചിരുന്നു. മൂന്ന് ആണ്‍മക്കളും പഠിച്ച് നല്ല ജോലി ചെയ്തപ്പോള്‍ പെണ്‍മക്കളും അതുപോലെ പഠിക്കണം എന്ന് മുത്തശ്ശി ആഗ്രഹിച്ചിരുന്നു. ഇളയമകളായ എന്റെ അമ്മയെ എങ്കിലും ഉദ്യോഗസ്ഥയായി കാണാനുള്ള താല്‍പര്യം കൊണ്ടാണ് തിരുവനന്തപുരം എന്‍ എസ് എസ് കോളെജില്‍ പ്രീ യൂണിവേഴ്‌സിറ്റിക്ക് കോട്ടയത്തുനിന്ന് കൊണ്ടുവന്ന് ചേര്‍ത്തത്. എന്നാല്‍ പഠിത്തം തുടങ്ങി അല്പനാളുകള്‍ക്കകം അച്ഛനെ പരിചയപ്പെട്ട അമ്മ വിവാഹത്തിനു തിരക്കുകൂട്ടി. കര്‍ഷക കുടുംബിനിയായ അമ്മ ആ തിരക്കില്‍ അച്ഛനോടൊപ്പം ഒരു ജീവിതം ആഘോഷിക്കുകയും ചെയ്തു. പക്ഷേ, ഇടക്കിടക്ക് മുത്തശ്ശി പറയുമായിരുന്നു- 'മണിയെങ്കിലും പഠിക്കണമായിരുന്നു'.
നാളുകള്‍ കഴിഞ്ഞ് മുത്തശ്ശിക്ക് കുഞ്ഞുമക്കള്‍ ആയപ്പോള്‍ അവരോടും മുത്തശ്ശി പറഞ്ഞു- 'പഠിക്കണം.. നല്ല ഉദ്യോഗം കിട്ടണം...' മുത്തശ്ശിക്ക് പേരക്കുട്ടികളായി പതിമൂന്ന് പെണ്‍കുട്ടികളുണ്ട്. അതില്‍ പത്തോളം പേരും ഉദ്യോഗസ്ഥരാണ്. സ്വന്തം കുട്ടികളായിക്കൊള്ളട്ടെ അന്യരായിക്കൊള്ളട്ടെ സ്ത്രീകളുടെ വളര്‍ച്ചയില്‍ മുത്തശ്ശി വല്ലാതെ അഭിമാനിച്ചിരുന്നു.
 എപ്പോഴും മുത്തശ്ശി സ്ത്രീ പക്ഷത്തുനിന്ന് ചിന്തിച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പെട്ടെന്ന് തെറ്റ് പെണ്ണിന്റേതാമെന്ന് തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും അവളുടെ വശത്തെ ന്യായങ്ങള്‍ തേടുന്ന ഒരു മനസ്സ് മുത്തശ്ശിക്കുണ്ടായിരുന്നു. അവിടെ സ്വന്തം സമുദായം എന്ന വിചാരമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുത്തശ്ശിയുടെ അക്ഷരങ്ങളില്‍ സഹതപിക്കാനറിയാവുന്ന ഒരു ഹൃദയത്തിന്റെ പ്രാണസ്പര്‍ശനങ്ങളുടെ സ്പന്ദനം കേള്‍ക്കുന്നത്. മാധവിക്കുട്ടി 'എന്റെ കഥ' എഴുതി പ്രസിദ്ധീകരിച്ചപ്പോള്‍, ഇപ്പറുന്ന കുടുംബിനികളൊക്കെ കാതുപൊത്തി കണ്ണുപൊത്തി നിന്നപ്പോള്‍, സ്‌നേഹപൂര്‍വം അവരെക്കുറിച്ച് സംസാരിച്ചയാളാണ് മുത്തശ്ശി. അന്നത്തെ കാലത്ത്, ദുരാചാരങ്ങളിലും യാഥാസ്ഥിതികത്വത്തിലും കുരുങ്ങിക്കിടന്ന സ്വസമുദായത്തിലുള്ളവരേയും അന്യരേയും കൂസാതെ തനിക്ക് ശരി എന്നു തോന്നിയതൊക്കെ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മുത്തശ്ശിയുടെ ധീരത തട്ടിച്ചുനോക്കുമ്പോള്‍ ഈ തലമുറയുടെ ധൈര്യം എത്ര നിസ്സാരം! ഇന്ന് നമുക്ക് ശക്തി പകരാന്‍ ആരെല്ലാമുണ്ട്. എന്തെല്ലാമുണ്ട്. ദിവസത്തിലൊരിക്കല്‍മാത്രം എത്തുന്ന ബസ്സില്‍ കയറി കാതങ്ങള്‍ താണ്ടി മീറ്റിങ്ങുകളില്‍ പങ്കെടുത്ത് തിരികെയെത്തി മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആ വീട്ടമ്മ സാധാരണക്കാരിയായിരുന്നില്ല.
മുത്തശ്ശിയുടെ രചനകളെപ്പറ്റി പിന്നീടൊരവസരത്തില്‍ ഞാന്‍ പറയാം.
എന്റെ മനസ്സില്‍  ചുരുളഴിയുന്ന വര്‍ണനൂലിന്റെ തുമ്പ് തേടി ഞാന്‍ ചെല്ലുമ്പോള്‍ കാണുന്നത് രാമപുരത്തെ വീടിനു മുന്നിലുള്ള തോട്ടിന്‍കരയാണ്. അമ്മാത്തേക്ക് പോകാന്‍ ആലോചിക്കുമ്പോഴേ പേടിയാണ്. മുത്തശ്ശിയുടെ അടുത്ത് എത്തണമെങ്കില്‍ തോട്ടിനു കുറുകെ ഇട്ടിരിക്കുന്ന, ഒരു പാദംവെക്കാന്‍ മാത്രം വീതിയുള്ള തെങ്ങിന്‍ തടി പാലം കയറി ഇറങ്ങണം. റോഡിലിറങ്ങി, വയലുകടന്ന് തെങ്ങിന്‍ പാലത്തിനു മുന്നില്‍ അരമണിക്കൂറെങ്കിലും നില്‍ക്കും. ചെറിയ കുട്ടിയായിരുന്നപ്പോള്‍ അച്ഛനോ അമ്മയോ എടുത്തുകൊണ്ടുപോകും. പിന്നീട് തനിയെ നടന്നേ മതിയാവൂ എന്നായി. പേടിച്ച് പേടിച്ച് ഇരുന്നും നിരങ്ങിയും ഞാന്‍ പാലം താണ്ടിയാല്‍ പിന്നെ സമാധാനമായി. വരാന്തയില്‍ത്തന്നെ മുത്തശ്ശനും മുത്തശ്ശിയുമുണ്ടാവും. വെറ്റിലച്ചെല്ലം തുറന്നുവെച്ച്, പാക്ക് വെട്ടി കഷ്ണങ്ങളാക്കി പുകയില കഷ്ണവും വെച്ച് അവര്‍ മുറുക്കും.
കൂടുതല്‍ കൊഞ്ചിക്കലോ കളിയാക്കലോ ഒന്നും മുത്തശ്ശിക്കില്ല. എന്നാല്‍ എല്ലാം മുത്തശ്ശി മാറിനിന്ന് ആസ്വദിച്ചിരുന്നു. കുട്ടികളെ മനസ്സിലാക്കിയിരുന്നു. അവധിക്കാലം ആസ്വദിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ തോട്ടിലെ വെള്ളത്തില്‍ നിന്നു കരക്കുകയറാതെ മണിക്കൂറുകള്‍ കിടക്കും. ചില ദിവസം മുത്തശ്ശി ഞങ്ങളോടൊപ്പം തോട്ടിലിറങ്ങും. പിന്നെ ബഹുരസമാണ്. മുത്തശ്ശിയും ഞങ്ങളോടൊപ്പം വെള്ളം തെറ്റിച്ചു കളിക്കും.


മുത്തശ്ശി ഒരു രസികത്തി തന്നെയായിരുന്നു. എന്റെ കൗമാരക്കാലത്ത് അന്ന് അപൂര്‍വവും ഫാഷനുമായിരുന്ന മടമ്പ് ഉയര്‍ന ഉയര്‍ന്നുപൊങ്ങിയ ഹൈഹീല്‍ഡ് ചെരുപ്പ് (സ്റ്റില്‍ അറ്റ്‌റ്റോ) ഞാന്‍ ഉപയോഗിച്ചിരുന്നു. ഞാനും സരിതയും (മോഹനമ്മാവന്റെ -എന്‍ മോഹനന്‍- മകള്‍) കൂടി വര്‍ത്തമാനം പറഞ്ഞു നിന്നപ്പോള്‍  മുത്തശ്ശി എന്നെ വടമിട്ടുനടന്നൊന്നു നോക്കി. ചെരുപ്പിലേക്ക് നോക്കി മുത്തശ്ശി പറഞ്ഞു: 'മഞ്ഞുമൂടിയ രാജ്യങ്ങളില്‍ നടക്കുമ്പോള്‍ തെന്നി വീഴാതിരിക്കാനും കൂര്‍ത്ത അറ്റം ഐസില്‍ കൊരുത്ത് ബലം നല്‍കാനുമാണ് ഇത്തരം ചെരുപ്പുകള്‍ ആദ്യം ഉണ്ടാക്കിയത്. ആ നാട്ടുകാര്‍ അതിട്ടോട്ടെ. ഈ നാട്ടിലിത് അപകടമല്ലേ?'
'മുത്തശ്ശിക്കെങ്ങനെ അറിയാം ശൈത്യരാജ്യങ്ങളില്‍ ഇത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന്?' ഞങ്ങള്‍ ചോദിച്ചു. വിവര സാങ്കേതിക വിദ്യകളൊന്നും ഇന്നത്തേതുപോലെ വികസിച്ചിട്ടില്ലാത്ത ആ കാലത്തും മുത്തശ്ശി എന്നും അപ്ടുഡേറ്റ് ആയിരുന്നു. അതു രാഷ്ട്രീയ കാര്യങ്ങളായിക്കൊള്ളട്ടെ ലോകകാര്യങ്ങളായിക്കൊള്ളട്ടെ അടുക്കള കാര്യമായിക്കൊള്ളട്ടെ മുത്തശ്ശിക്ക് എല്ലാത്തിനും അഭിപ്രായമുണ്ടായിരിക്കും.
കുട്ടികളോട് പോലും മുത്തശ്ശി അരുത് എന്നുപറയാറില്ല. ശരിയല്ല എന്നു തോന്നുന്ന കാര്യം കണ്ടാല്‍ അതു പറയും, ആരോടാണെങ്കിലും അത്രമാത്രം. ഇന്ന് കുണ്ടും കുഴിയുമുള്ള നമ്മുടെ റോഡില്‍ക്കൂടി പാവം പെണ്‍കുട്ടികള്‍ ഇത്തരം ചെരുപ്പുകളിട്ട് കഷ്ടപ്പെട്ടു നടക്കുന്നത് കാണുമ്പോള്‍ മുത്തശ്ശിയെ ഓര്‍ക്കാറുണ്ട്.
മുത്തശ്ശിക്കെന്നും ഞങ്ങള്‍ പേരക്കുട്ടികളോട് വലിയ താല്‍പര്യമായിരുന്നു. വാത്സല്യമെന്ന വാക്ക് മനപൂര്‍വം ഞാന്‍ എഴുതത്തതാണ്. വാത്സല്യത്തോടെ ചെറിയ കുട്ടികളായി ഞങ്ങളെ കാണാതെ താല്‍പര്യത്തോടെ സംസാരിച്ച് ഞങ്ങളെ ചിന്തിപ്പിക്കാറുണ്ടായിരുന്നു മുത്തശ്ശി.
ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ രാമപുരത്ത് അറയില്‍ കെട്ടിയിട്ടിരുന്ന പഴക്കുലയില്‍ നിന്നും ഞാന്‍ എത്തിപ്പിടിച്ച് പഴം എടുക്കുകയായിരുന്നു. മുത്തശ്ശി പറഞ്ഞു: 'ദല്‍ഹിയിലെ കുട്ടികള്‍ ഇന്നു വരും. അതെടുക്കണ്ട.' എടുത്ത പഴം തിരികെയിട്ടു ഞാന്‍ തിരിച്ചുപോന്നു, സങ്കടം സഹിക്കവയ്യാതെ. എന്നാലും മുത്തശ്ശി പറഞ്ഞില്ലേ പഴം എടുക്കേണ്ട എന്ന്, മുത്തശ്ശി പറഞ്ഞില്ലേ...... പഴം ദല്‍ഹിയിലെ കുട്ടികള്‍ക്കുള്ളതാണെന്ന്...... ഞാന്‍ വരാന്തയില്‍ വന്നിരുന്ന് കരയാന്‍ തുടങ്ങി. അഭിമാനത്തിന് ക്ഷതമേറ്റപോലെ എനിക്ക് തോന്നിയിരിക്കണം. അപ്പോഴാണ് എന്റെ അച്ഛന്‍ ഞാന്‍ കരയുന്നത് കണ്ടത്. എന്താണ് കാര്യം എന്നച്ഛന്‍ തിരക്കി. എനിക്കെന്റെ അച്ഛന്‍ കുടത്തിനുള്ളിലെ ഭൂതമാണ്. എന്താഗ്രഹിച്ചാലും തരും. ആത്മാഭിമാനത്തിന്  പണയംവെക്കാന്‍ മറ്റൊന്നും ലോകത്തിലില്ല എന്ന് എന്നെ പഠിപ്പിച്ചിട്ടുള്ളതും എന്റെ അച്ഛനാണ്. കരച്ചിലിന്റെ കാരണമറിഞ്ഞ അച്ഛന്‍ അപ്പോള്‍ത്തന്നെ പുറത്തേക്ക് പോയി. തിരികെ വന്നപ്പോള്‍ പണിക്കാരന്റെ കൈയില്‍ ഒരു കുല പഴം. അച്ഛന്‍ എന്നോട് 'നീ കഴിച്ചോ' എന്നു പറഞ്ഞില്ല. 'എല്ലാവര്‍ക്കും കൊടുക്കൂ' എന്നാണ് പറഞ്ഞത്.
പഴക്കുല കണ്ട് മുത്തശ്ശി ചോദിച്ചു: 'എന്തിനാ കൃഷ്ണാ..... ഇപ്പം പോയി പഴക്കുല വാങ്ങിയത്? അകത്തു കിടക്കുന്നത് കണ്ടില്ലേ?' അച്ഛന്‍ പറഞ്ഞു: 'കുഞ്ഞുങ്ങളുള്ള സ്ഥലമല്ലേ അമ്മേ.. അതും ഇതും ചെലവാകും.....' അച്ഛന്‍ പോയപ്പോള്‍ മുത്തശ്ശി എന്റെ അരികില്‍ വന്നു. എന്റെ തോളില്‍ പിടിച്ചു. 'പഴമെടുക്കണ്ട എന്നു ഞാന്‍ പറഞ്ഞത് നിനക്ക് വിഷമായീലേ.... ദല്‍ഹീലൊന്നും നല്ല പഴം കിട്ടാത്തതുകൊണ്ട് മുത്തശ്ശി അങ്ങനെ പറഞ്ഞൂന്നേയുള്ളൂ.... നീ വിഷമിക്കേണ്ട...' പഴക്കുലയുമായി ഒരു സാമ്രാജ്യം കൈയടക്കിയ മാതിരിയിരുന്ന ഞാന്‍ മുത്തശ്ശീടെ ഒരു വാക്കില്‍ എല്ലാം മറന്നു കളിക്കാനോടി.
ഭാര്യാഭര്‍ത്താക്കന്‍മാരാണെങ്കില്‍ ശക്തിയായ അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ പരസ്പരമുള്ള അര്‍പ്പണത്തിനും പ്രേമത്തിനും അതൊരു തടസ്സമാവില്ലെന്നും ആദ്യം ഞാന്‍ മനസ്സിലാക്കിയത് മുത്തശ്ശനിലും മുത്തശ്ശിയിലും കൂടിയാണ്. ചെറിയ കുട്ടിയായിരുന്ന എനിക്ക് മനസ്സിലാകാത്ത വിധം ചിലപ്പോഴൊക്കെ അവര്‍ പരസ്പരം ഉറക്കെ എന്തെങ്കിലും ദേഷ്യപ്പെട്ട് പറഞ്ഞ് മുഖം വീര്‍പ്പിച്ചിരിക്കാറുണ്ട്. അല്പം കഴിയുമ്പോള്‍ വെറ്റിലച്ചെല്ലം പരസ്പരം നീട്ടാറുമുണ്ട്. മോഹനമ്മാവന്റെ വീട്ടില്‍ (ശാസ്തമംഗലം) മുത്തശ്ശനും മുത്തശ്ശിയും വന്നുതാമസിക്കുമ്പോള്‍ ഞാനും കൂടെ കൂടാറുണ്ട്. അല്ലെങ്കിലും പല അവധി ദിവസങ്ങളിലും ഞന്‍ അവിടെയാണ്. പതിവായി ഞാനും സരിതയും കിടക്കുന്ന താഴത്തെ കിടക്കമുറി മുത്തശ്ശനും മുത്തശ്ശിയും വന്നാല്‍ അവരെടുക്കും. ഞങ്ങള്‍ മുകളിലേക്ക് കയറും. മുകളില്‍ അമ്മാവനും അമ്മായിയുമുള്ളതുകൊണ്ട് രാവേറെ പുസ്തകം വായന നടക്കില്ല.
താഴത്തെ മുറി താണുവീണപേക്ഷിച്ചാലും മുത്തശ്ശനും മുത്തശ്ശിയും തരികയുമില്ല. 'ഞങ്ങള്‍ പിന്നെ എവിടെ കിടക്കും?' അവര്‍ ചോദിക്കും. ഹരിയുടെ(സരിതയുടെ അനിയന്‍) സ്റ്റഡി റൂമില്‍ കുറേ നേരം  വര്‍ത്തമാനം പറഞ്ഞിരുന്നതിനു ശേഷമേ ഞങ്ങള്‍ പടികയറൂ. അപ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും ചേര്‍ന്നുകിടന്നുറങ്ങുന്നതു കണ്ട് ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിച്ചിരിക്കും. 'ഒരാള് സ്റ്റഡീറൂമിലും ഒരാള് ഹാളിലും കിടന്നെങ്കീ നമുക്ക് ഇവിടെ കിടക്കാമായിരുന്നു.' എന്നു ഞങ്ങള്‍ അടക്കം പറയും.......
മരണംവരെയും അവര്‍ ഒരുമിച്ചാണ് കിടന്നത്. ഇന്ന് കുടുംബപ്രാരാബാധവും മറ്റ് പ്രശ്‌നങ്ങളും പറഞ്ഞ് ദമ്പതികള്‍ എത്ര പെട്ടെന്നാണ് വിവാഹബന്ധം വേര്‍പെടുത്തുന്നത്. ഒരുമിച്ച് ജീവിക്കുന്നവരാകട്ടെ ഒരു പ്രായമായാല്‍ പിന്നെ ഒരുമിച്ചിരിക്കാന്‍ത്തന്നെ മടിക്കുന്നവരാണ്. ആരേയും ബോധിപ്പിക്കാനല്ലാതെ, സ്വന്തം ആവശ്യമായി പരസ്പരം സ്‌നേഹിക്കുന്നവരായിരുന്നു മുത്തശ്ശനും മുത്തശ്ശിയും.
മുത്തശ്ശി വന്നു താമസിക്കുന്ന സമയത്ത് പതിവിലും കൂടുതല്‍ സാഹിത്യ ചര്‍ച്ചകള്‍ മോഹനമ്മാവന്റെ വീട്ടിലെ പൂമുഖത്ത് നടക്കാറുണ്ട്. ഒ എന്‍ വി കുറുപ്പ് സാര്‍ മിക്ക ദിവസവും വൈകുന്നേരങ്ങളിലെത്തും. കൂടാതെ മറ്റുപല എഴുത്തുകാരും എഴുത്തുകാരികളും.... ഇവരുടെ സംഭാഷണങ്ങള്‍ കര്‍ട്ടനു പിറകില്‍ ഒളിച്ചു നിന്ന് കേള്‍ക്കുക എന്റെ കുട്ടിക്കാല വിനോദമായിരുന്നു. പല പ്രസിദ്ധരെകുറിച്ചും കൃതികളെക്കുറിച്ചും ലോകസംഭവങ്ങളെക്കുറിച്ചും മനുഷ്യജീവിതങ്ങളെക്കുറിച്ചും ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഇത്തരം സംഭാഷണങ്ങളില്‍ക്കൂടിയാണ്.
ചെറുപ്പകാലത്ത് പൊതുവേ ആധുനിക വസ്ത്രങ്ങള്‍ ഉപയോഗിക്കാറുള്ള ഞാന്‍ ഒരു ദിവസം തലമുടികെട്ടി മുല്ലപ്പൂവെച്ച് ചുമന്ന പട്ടുസാരിയുടുത്ത് സാരിത്തുമ്പ് തലമുടിക്കെട്ടിലൂടെ ചുറ്റി കസേരയിലിരുന്ന് ഒരു മാസിക വായിക്കുകയായിരുന്നു. മുത്തശ്ശി അടുത്തുവന്ന് എന്നെ നോക്കി കുറച്ചുനേരം നിന്നു. എന്റെ ചുമന്ന വട്ടപ്പൊട്ടിലേക്ക് നോക്കി. എന്നിട്ട് മുത്തശ്ശി പറഞ്ഞു: 'ഒരു രവിവര്‍മ്മ ചിത്രം പോലെയുണ്ട്.' എനിക്കെന്തെങ്കിലും ഭംഗി ഉണ്ടെങ്കില്‍ അതിന്റെ ഏറ്റവും വലിയ അംഗീകാരമായി എനിക്കീജീവിതത്തില്‍ കിട്ടിയിരിക്കുന്നത് ഈ വാക്കുകളാണ്.
മുത്തശ്ശി ഒരിക്കലും അമിതഭക്തി കാണിച്ചില്ല. മുത്തശ്ശി നടന്ന വഴികളിലൊക്കെ പക്ഷേ, ഈശ്വരനുണ്ടായിരുന്നു. എന്നും വിളക്ക് കൊളുത്തി മുത്തശ്ശി തൊഴുതിരുന്നു. സാധിക്കുമ്പോള്‍ പ്രിയപ്പെട്ട ക്ഷേത്രങ്ങളില്‍ പോയിരുന്നു. അത്രതന്നെ. പ്രായമേറിയപ്പോഴും അമ്പലങ്ങളിലേക്ക് മാത്രം സഞ്ചരിക്കാതെ, മരണം വരെയും മനുഷ്യരിലേക്ക് യാത്ര നടത്തിയ ആളാണ് മുത്തശ്ശി.
അന്നൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. മരിക്കുന്നതുവരേയും ഞാനറിഞ്ഞില്ല. വര്‍ഷങ്ങള്‍ കഴിയുന്തോറും മുത്തശ്ശി എന്നില്‍ സജീവമാകുന്നുവെന്ന്. ഇത്തിരിവട്ടത്തില്‍ നിന്നുകൊണ്ട് ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ത്തന്നെ ഞാന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പതറാതിരിക്കുന്നത് കൊമ്പനാനക്ക് തുല്യമായ തലയെടുപ്പുള്ള എന്റെ മുത്തശ്ശിയെ ഓര്‍ക്കുന്നതുകൊണ്ടാണ്.
ഇപ്പോഴും എന്റെ സ്വപ്നങ്ങളില്‍ മുത്തശ്ശി ഒരു പാലാഴി നീന്തിക്കയറി വരാറുണ്ട്. വെണ്‍തിരികള്‍ക്ക് നടുക്കുനിന്ന് വെള്ള തറ്റുടുത്ത്, വെളുത്ത നീണ്ട മുടി കാറ്റില്‍ പറത്തി, എന്നെ കൈ നീട്ടിത്തൊട്ട്..... കണ്‍നീട്ടി ഉഴിഞ്ഞ് ഹൃദയത്തിലേക്ക് ചേര്‍ക്കാറുണ്ട്. മുത്തശ്ശിയുടെ നെറ്റിയില്‍ നിന്നും നനവേറ്റ് ഒലിച്ചിറങ്ങുന്ന സിന്ദൂരം പോലെ, കുതിര്‍ന്ന് നിറയുന്ന എന്റെ കണ്ണുകള്‍ നോക്കി നില്‍ക്കാറുണ്ട്. വിതുമ്പുന്ന എന്റെ മനസ്സ് അപ്പോള്‍ കടലലപോലെ ഉയര്‍ന്നുപൊങ്ങാറുണ്ട്. പിന്നീട് പതിഞ്ഞു പരക്കാറുണ്ട്. സ്‌നേഹത്തോടെ ആ മാറില്‍ തല ചായ്ക്കുമ്പോള്‍ സ്വപ്നത്തില്‍ ഉയിര്‍വെക്കുന്ന മുത്തശ്ശിയുടെ ആശ്വാസം എനിക്കെത്ര ആശ്വാസമാണ്.
മുത്തശ്ശി മരിച്ചിട്ട് 25 വര്‍ഷത്തോളമായി. മരിക്കുന്നതിന് അല്‍പ്പ ദിവസങ്ങള്‍ക്കുമുമ്പ് എന്നോടൊപ്പം മുത്തശ്ശി താമസിച്ചിരുന്നു. എന്റെ ആദ്യ പുത്രിയെ കാണാനായിരുന്നു ആ വരവ്. ഞാന്‍ കുഞ്ഞിനെ തോളില്‍ കിടത്തി, ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമനെകൂടെ കൂട്ടാതെ..... തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടാന്‍.. താരാട്ട് പാടി കുഞ്ഞിനെ ഉറക്കികിടത്തി. അപ്പോള്‍ മുത്തശ്ശി എന്റെ അടുത്തു വന്ന് തോളില്‍ തട്ടി പിന്നീട് ആത്മഗതംപോലെ പറഞ്ഞു: 'ഒന്നും മാറുന്നില്ല..  ഒരിക്കലും ഒന്നും മാറുന്നില്ല...'
മുത്തശ്ശി തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ കൈപിടിച്ചു ചോദിച്ചു: 'എന്താ മുത്തശ്ശി!' തിളങ്ങുന്ന കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു: 'നീ പട്ടണത്തില്‍ വളര്‍ന്ന പരിഷ്‌കാരിയായ ഒരു കുട്ടിയാണ്. നിനക്കീ താരാട്ട് മുഴുവനും അറിയാം എന്നുപോലും എനിക്കറിയില്ലായിരുന്നു. എത്ര നന്നായാണ് നീ അത് ചൊല്ലിയത്! എത്ര സ്‌നേഹത്തോടെയാണ് നീ നിന്റെ കുഞ്ഞിനെ ഉറക്കിയത്! ഭാവിതലമുറയെക്കുറിച്ചൊന്നും ആശങ്ക വേണ്ട എന്ന് പെട്ടെന്ന് തോന്നി. നന്മയേ വരൂ..!'
വിവാഹം കഴിഞ്ഞ് ഞങ്ങള്‍ തനിയെ താമസം തുടങ്ങിയ കാലത്ത് മുത്തശ്ശി എനിക്കൊരു കത്തയച്ചു. 'പക്ഷിക്കുഞ്ഞുങ്ങളെ പറക്കാന്‍ ആരും പഠിപ്പിക്കേണ്ട, സമയമാകുമ്പോള്‍ അത് താനേ പറക്കും.' അതില്‍ മുത്തശ്ശി എഴുതി. കളിച്ചു ചിരിച്ച് ഒരു ഉത്തരവാദിത്വവുമില്ലാതെ നടന്ന ഞാന്‍ ഒരു കുടുംബിനിയായി അതിസുന്ദരമായി ജീവിക്കുന്നത് കണ്ട് തിരികെ പോയ ഉടന്‍ അയച്ച കത്തായിരുന്നു അത്. ഇന്നും ഞങ്ങളത് സൂക്ഷിക്കുന്നു. മുത്തശ്ശിയെ അന്നു ഞാന്‍ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന്റെ എത്രയോ ഇരട്ടി കൂടുതല്‍ ഞാന്‍ ഇപ്പോള്‍ മുത്തശ്ശിയെ സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.  ഒരു എഴുത്തുകാരിയെന്ന നിലയിലും സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും  വളരെ ചെറിയ കാര്യങ്ങള്‍ മാത്രം  ചെയ്യുന്ന ഞാന്‍ അതിന്റെ ഫലമായി നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ മുത്തശ്ശിയെ തൊഴുത് നമസ്‌കരിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരവസരത്തില്‍ മോഹനമ്മാവന്‍ എന്നോടു പറഞ്ഞു: ഞാനും എഴുതിയപ്പോള്‍ പലരും പറഞ്ഞു അമ്മ എഴുതിത്തരുന്നതാണെന്ന്. അന്ന് അമ്മ എന്നോട് പറഞ്ഞു: 'പറഞ്ഞോട്ടെ... സത്യം അങ്ങനെ ആയാല്‍ മാത്രം വിഷമിച്ചാല്‍ പോരെ... അല്ലെങ്കിലും ആയിരത്തില്‍ ഒരാളല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. മറ്റുള്ളവരുടെ നല്ല വാക്കുകള്‍ നിനക്കോര്‍ത്താല്‍ പോരെ?'
മറ്റൊരവസരത്തില്‍ ഭാസിയമ്മാവന്‍ (അന്തര്‍ജനത്തിന്റെ മൂത്ത മകന്‍ ഭാസ്‌കരകുമാര്‍) എന്നോട് പറഞ്ഞു: 'അന്ന് പുറത്ത് ഏതെങ്കിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ അമ്മ എന്നേയും ഒപ്പം കൂട്ടും. എനിക്ക് ആറ് വയസ്സോ മറ്റോ ആയിക്കാണും. അന്ന് അമ്മ എന്റെ കൈ പിടിച്ച് പറഞ്ഞു: ഒന്ന് വേഗം വയസ്സായി കിട്ടിയാല്‍ മതിയായിരുന്നു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അല്പം കൂടി സ്വാതന്ത്ര്യം കിട്ടിയേനെ!' ചെറുപ്പം ഒരു സ്ത്രീയെ എത്രമാത്രം ചങ്ങലക്കിടുന്നു എന്ന് അന്നെനിക്ക് മനസ്സിലായില്ല. അമ്മ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ കാലം എത്ര ഭേദമാണ്.
എത്രയോ ഭേദം എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു. പിന്നെ എത്ര വലിയ നീരാളിപ്പിടിത്തത്തില്‍ നിന്നും മുക്തമായി പൊങ്ങിവരാന്‍ മുത്തശ്ശിയുടെ ശരീരത്തിലൊഴുകിയ ചോരയുടെ ഒരു തുള്ളി എന്റെ സിരകളിലുണ്ടായാല്‍ മതി. ആര്‍ക്കും നിഷേധിക്കാനാകാത്ത എന്റെ അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ ഹൃദയാകാശവുമായി കൊരുത്ത് മാറിനിന്ന് നോക്കുമ്പോള്‍ അക്ഷരങ്ങള്‍ തെളിയുന്നു. സ്‌നേഹം... കരുണ.... ഇതൊക്കെ എപ്പോഴും കൊടുക്കാനുള്ളതാണ്. സ്വീകരിച്ചാലും ഇല്ലെങ്കിലും കൊടുത്തുകൊണ്ടേയിരിക്കണം. വറ്റാത്ത ഉറവ വേണം മനസ്സില്‍!  


Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3