ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കോടതി റിമാന്‍ഡ് ചെയ്ത നാവികരും ഇറ്റാലിയന്‍ റിപബ്ലിക്കും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇറ്റാലിയന്‍ കപ്പലിലെ സാന്‍മാര്‍ക്കോ റജിമെന്റിലെ ചീഫ് മാസ്റ്റര്‍ സെര്‍ജന്റ് മസിമിലാനോ ലതോറെ,സാന്‍മാര്‍ക്കോ റജിമെന്റിലെ സെര്‍ജന്റ് സാല്‍വറ്റോര്‍ ഗിറോണെ, ഇറ്റാലിയന്‍ റിപ്പബ്ലിക്ക് കൗണ്‍സില്‍ ജനറല്‍ ജീയാന്‍ പാലോ കുറ്റിലോ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ചല്ല സംഭവം  നടന്നതെന്നും ഈ സാഹചര്യത്തില്‍ രാജ്യത്തെ ശിക്ഷാ നിയമം അനുസരിച്ച് വിചാരണ നേരിടേണ്ട സാഹചര്യം ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എഫ്‌ഐആര്‍ ഉള്‍പ്പെടെ നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഫെബ്രുവരി 12ന് ഇറ്റാലിയന്‍ മിലിട്ടറി നേവിയുടെ ഭാഗമായ മിലിട്ടറി പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്ക് പ്രവേശിച്ചവരാണ് നാവികരെന്ന് ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ 15ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് കപ്പലിന് നേരെ കടല്‍കൊള്ളക്കാരുടെ ആക്രമണം ഉണ്ടായി. എന്നാല്‍ കപ്പല്‍ യാത്ര തുടര്‍ന്നു. പിന്നീട് ഏഴ് മണിയായപ്പോള്‍ കപ്പല്‍ 38 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് കഴിഞ്ഞിരുന്നു. പിന്നീട് കടല്‍കൊള്ളക്കാരെ തിരിച്ചറിയുന്നതിന് കൊച്ചിയിലെത്തണം എന്ന മുംബൈ എംആര്‍സിസിയുടെ ഫോണില്‍ നിന്നുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ കപ്പല്‍ കൊച്ചിയിലേക്ക് തിരിച്ചു. കൊച്ചി പോര്‍ട്ടില്‍ ഫെബ്രുവരി 16ന് രാത്രി 12.30 ഓടെ കപ്പല്‍ എത്തിച്ചേര്‍ന്നു. ഇവിടെ വച്ച് കപ്പലിന്റെ ക്യാപ്റ്റനോട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 സെക്ഷന്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തുവെന്ന് നീണ്ടകര പോലീസ് വ്യക്തമാക്കുകയായിരുന്നു. സെന്റ് ആന്റണി എന്ന ബോട്ടിനെ ആക്രമിച്ചുവെന്നും വെടിവെയ്പ്പില്‍ അജീഷ് പിങ്കു,ജെലസ്റ്റിന്‍ എന്നിവര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പറഞ്ഞിരുന്നത്. കപ്പല്‍ തടഞ്ഞുവെക്കുകയും ഫെബ്രുവരി 19ന് രണ്ട് നാവികരെ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.
ഇന്ത്യയുടെ അതിര്‍ത്തിയിലല്ല വെടിവെയ്പ്പ് }നടന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനോ വിചാരണ ചെയ്യപ്പെടുന്നതിനോ ഹരജിക്കാര്‍ക്ക് ബാധ്യതയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
സമുദ്രാതിര്‍ത്തിയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷന്‍ രാജ്യത്തിനും ബാധകമാണ്. ഇതനുസരിച്ച് അന്വേഷണം }നടത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഇറ്റാലിയന്‍ സര്‍ക്കാരിനാണ് അധികാരം. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സേനാംഗങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പല്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത് ആയതിനാല്‍ കപ്പല്‍ ഇന്ത്യയില്‍ ആണെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രദേശമായി കണക്കാക്കപ്പെടുന്ന കപ്പലില്‍ നടന്ന സംഭവത്തിന് മറ്റൊരു രാജ്യത്തെ നിയമം ബാധകമാവില്ല. ഇക്കാരണത്താല്‍ തന്നെ പൊലീസ് നടപടികള്‍ റദ്ദാക്കണമെന്നും ഹര്‍ജിക്കാരെ വെറുതേ വിടണമെന്നുമാണ് ആവശ്യം. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.


Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3