കൊച്ചി എല്‍ എന്‍ ജി ടെര്‍മിനല്‍ ജൂലായില്‍ കമ്മിഷന്‍ ചെയ്യും

കൊച്ചി: സംസ്ഥാനം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതുവൈപ്പിനിലെ നിര്‍ദ്ദിഷ്ട എല്‍ എന്‍ ജി ടെര്‍മിനല്‍ ജൂലായില്‍ കമ്മിഷന്‍ ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയ പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി ജി സി ചതുര്‍വേദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡിന്റെ ജനറല്‍ ബോഡി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

കൊച്ചി ടെര്‍മിനല്‍ ഷെഡ്യൂള്‍ അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും നിശ്ചിതസമയത്തുതന്നെ കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നും പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡിന്റെ ചെയര്‍മാന്‍ കൂടിയായ ചതുര്‍വേദി വ്യക്തമാക്കി. ഇന്ധനവില വര്‍ധനയ്ക്ക് ഉടനെ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ടെര്‍മിനല്‍ ഒക്ടോബറോടെ പൂര്‍ണ സജ്ജമാകും. 2.5 മില്യണ്‍ മെട്രിക് ടണ്ണാണ് ടെര്‍മിനലിന്റെ ശേഷി. ഇതു പിന്നീടു വര്‍ധിപ്പിക്കും. കേരളത്തിനകത്തേക്കും പുറത്തേക്കും വാതകം കൊണ്ടുപോകുന്നതിനായി ഗെയ്ല്‍ സ്ഥാപിക്കുന്ന പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ ശേഷിയുടെ 115 ശതമാനം കമ്പനി  ഉപയോഗിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 119.70 ടി ബി ടി യു റീ ഗ്യാസിഫൈഡ് വോളിയം ഉണ്ടായിരുന്നത് ഇത്തവണ 144.93 ആയി ഉയര്‍ന്നു. അറ്റാദായം  295.38 കോടി രൂപയായി ഉയര്‍ന്നു. 72.90 ശതമാനമാണ് വളര്‍ച്ച. വിറ്റുവരവില്‍ 74.50 ശതമാനമാണ് വളര്‍ച്ച. വിറ്റുവരവ് 6330.26 കോടി രൂപയാണ്. ഇത് റെക്കോര്‍ഡ് വിറ്റുവരവും ആദായവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡും ഓസ്‌ട്രേലിയയിലെ ഗോര്‍ഗോണ്‍ പദ്ധതിയുമായുള്ള കരാറനുസരിച്ച് 2015-ഓടെ ഇവിടെ നിന്നും പ്രകൃതി വാതകം ലഭിച്ചു തുടങ്ങും. 20 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാറാണ് ഇവരുമായി ഒപ്പിട്ടിരിക്കുന്നതെങ്കിലും കാലോചിതമായി ഇത് പരിഷ്‌കരിക്കുമെന്ന് ജി സി ചതുര്‍വേദി പറഞ്ഞു. ഒരുഗ്യാസ് സിലിണ്ടറിന് 320 രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്കുന്നത്. ഇതു കുറയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ മേഖലയില്‍ പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡിന്റെ മൂന്നാമത്തെ ടെര്‍മിനല്‍ ആന്ധ്രാപ്രദേശിലെ ഗംഗാവരത്താണ്് ഉദ്ദേശിക്കുന്നത്. ഇതിന്റെ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മില്യണ്‍ മെട്രിക് ടണ്‍ ശേഷിയാണ് ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഫിനാന്‍സ് ഡയരക്ടര്‍ ആര്‍ കെ ഗാര്‍ഗ്, സി ഇ ഒ ഏ കെ ബല്യാന്‍ എന്നിവരും പങ്കെടുത്തു

 

 

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3