കപ്പല്‍ 25ലക്ഷം രൂപ കെട്ടിവയ്ക്കണം
- Details
- Published on Wednesday, 22 February 2012 23:55
കൊച്ചി: നീണ്ടകരയ്ക്കു സമീപം പുറങ്കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസുമായി ബന്ധപ്പെട്ടു ഇറ്റാലിയന്‍ കപ്പലായ എന്റിക്കാ ലക്‌സിയുടെ ഉടമകള്‍ 25ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു എതിര്‍പ്പില്ലെങ്കില്‍ കപ്പിലിനു പോകാം. തുക കെട്ടിവയ്ക്കുന്നതു വരെ കപ്പല്‍ തീരം വിടാന്‍ പാടില്ല. ഇക്കാര്യം അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദ് ഉത്തരവിട്ടു.
മരിച്ച ജലാസ്റ്റിന്‍ എന്ന വാലന്റിയുടെ ഭാര്യ ഡോറയും മക്കള്‍ എഡ്രിക്ക്, ജീന്‍ എന്നിവരും നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഒരു കോടി രൂപ }നഷ്ടപരിഹാരം }നല്‍കാതെ കപ്പല്‍ വിട്ടുകൊടുക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
അതേസമയം 25 ലക്ഷം രൂപ വളരെ കുറഞ്ഞ തുകയാണെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ സി ഉണ്ണിക്കൃഷ്ണന്‍ ബോധിപ്പിച്ചു. അന്താരാഷ്ട്ര നിയമമനുസരിച്ചു 1.75 ലക്ഷം എസിഡിആര്‍ ലഭിക്കേണ്ടതാണ്. ഇതു 1.1 കോടി രൂപ വരും.
എന്നാല്‍ ഒരു കോടി രൂപ ഉയര്‍ന്ന തുകയാണെന്നു കപ്പല്‍ കമ്പനിക്കുവേണ്ടി ഹാജരായ അഡ്വ. വി.ജെ. മാത്യു വാദിച്ചു. ക്യാപ്റ്റന്‍ അപകടത്തില്‍ മരിച്ചാല്‍പ്പോലും 40 ലക്ഷം രൂപ മാത്രമേ കൊടുക്കാനാകൂ.
നഷ്ടപരിഹാരം സംബന്ധിച്ച പ്രശ്‌നം കോടതിക്കു പുറത്തുവച്ചു തീര്‍ക്കാന്‍ തയാറാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്കു 50 ലക്ഷം വീതം }നല്‍കാന്‍ തയാറാണെന്നു നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുവച്ചാണ് അപകടം നടന്നിട്ടുള്ളത്. അതുകൊണ്ട് ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമല്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
കടല്‍ക്കൊള്ളക്കാരെന്നു കരുതിയാണ് ബോട്ടിനുനേരെ വെടിവച്ചത്. മത്സ്യത്തൊഴിലാളികളാണെന്ന് കരുതിയില്ല. ഇക്കാര്യം ഉടന്‍ മാരിടൈം അഥോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിലൂടെ 25 ലക്ഷം രൂപ കെട്ടിവെക്കാന്‍ അനുവദിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു.
അതേസമയം നഷ്ടപരിഹാരത്തുക കുറച്ച സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു.
അതിനിടെ കടലിലെ വെടിവയ്പിനെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ കോടതി മാറ്റി.
ഇതേ കേസ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇപ്രകാരം }നിരീക്ഷിച്ചത്.






