മുംബൈ ഡബ്ബാവാലകളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പ്രവര്‍ത്തനക്ഷമതയ്ക്കും തയ്യാറെടുപ്പുകള്‍ക്കും അളവുകോലായി അറിയപ്പെടുകയും മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ പാഠപുസ്തകമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന മുംബൈ ഡബ്ബാവാലകളെക്കുറിച്ച് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസും യംഗ് ഇന്ത്യയും ചേര്‍ന്ന് പ്രഭാഷണം സംഘടിപ്പിക്കുന്നു.


'ഡബ്ബാവാലകളുടെ അര്‍പ്പണബോധവും മാനേജ്‌മെന്റും അച്ചടക്കവും' എന്ന വിഷയത്തില്‍ മുംബൈയിലെ മാനേജ്‌മെന്റ് വിദഗ്ധനായ ഡോ.പവന്‍ ഗിരിധര്‍ലാല്‍ അഗര്‍വാളാണ് പ്രഭാഷണം നടത്തുന്നത്. ഡബ്ബാവാലകളുടെ പ്രവര്‍ത്തനരീതികളും വിതരണ സംവിധാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ഡോ.അഗര്‍വാള്‍. എ എസ് ബിയുടെ പള്ളിപ്പുറം ക്യാമ്പസില്‍ ഈ മാസം 27ന് ഉച്ചയ്ക്ക് 2.30നാണ്  പ്രഭാഷണം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോ.അഗര്‍വാളുമായി സംസാരിക്കാനുള്ള അവസരവും ലഭിക്കും. മുംബൈയില്‍ തൊഴിലെടുക്കുന്ന രണ്ടു ലക്ഷം പേര്‍ക്ക് പ്രതിദിനം അപ്പോഴപ്പോള്‍ തയ്യാറാക്കുന്ന വീട്ടുഭക്ഷണം ഒരു പിഴവും വരുത്താതെ  എത്തിക്കുന്ന സംഘമാണ് ഡബ്ബാവാലകള്‍.
അയ്യായിരത്തോളം പേരാണ് ഈ സംഘത്തിലുള്ളത്. മുതല്‍മുടക്കോ സാങ്കേതികവിദ്യയുടെ പിന്‍ബലമോ ഇല്ലാതെ ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ളതും എങ്ങും പ്രകീര്‍ത്തിക്കപ്പെടുന്നതുമായ ബിസിനസ് ഘടനയാണ് ഡബ്ബാവാലകള്‍ക്കുള്ളത്. ട്രാഫിക് തടസങ്ങള്‍ക്കും ശക്തമായ മഴയും വെള്ളപ്പൊക്കവുമുള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളുമുണ്ടെങ്കിലും ഇതൊന്നും ഡബ്ബാവാലകളുടെ കൃത്യതയെ ബാധിച്ചിട്ടില്ല. 1.6കോടി ഇടപാടുകളില്‍ പിഴവുണ്ടാകുന്നത് ഒരു തവണ മാത്രം എന്നതാണ് അവരുടെ കൃത്യതയുടെ കണക്ക്. അന്താരാഷ്ട്ര തലത്തില്‍ ഐ എസ് ഒ മാനദണ്ഡമനുസരിച്ച് അവരുടെ പ്രകടന സൂചകം സിക്‌സ് സിഗ്മ ആണ്. ഡബ്ബാവാലകള്‍ ഗിന്നസ് ബുക്കിലെ സ്ഥിരം റെക്കോഡുകാരാണ്. ഇവരുടെ ആരാധകരില്‍ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും ലോകപ്രശസ്ത മാനേജ്‌മെന്റ് വിദഗ്ധരുമുണ്ട്.
ഒരു നൂറ്റാണ്ടുകൊണ്ട് മുംബൈ നഗരസംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുള്ള ഡബ്ബാവാലകള്‍ ബിസിനസ് വിദ്യാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിരവധി പാഠങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് എ എസ് ബി ഡയറക്ടര്‍ പ്രൊഫ.എസ് രാജീവ് പറഞ്ഞു.
ഇവരുടെ മഹത്തായ സേവനം മനസിലാക്കുന്നതിനാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യുവജനവിഭാഗമായ യംഗ് ഇന്ത്യയുമായി ചേര്‍ന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 ഡോ.അഗര്‍വാള്‍ അധ്യക്ഷനായുള്ള മുംബൈ  കമലാബായ് എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്‌റ് ഡബ്ബാവാലകള്‍ക്കും അവരുടെ  കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുണ്ട്.
 ഡബ്ബാവാലകളെക്കുറിച്ചു ക്ലാസെടുക്കുന്നതിനായി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും അക്കാദമിക് വിദഗ്ധനെന്ന നിലയില്‍ ഡോ.അഗര്‍വാളിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

Other News in this Category

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3