ശര്‍ക്കര കെട്ടിക്കിടക്കുന്നു; കരിമ്പുകര്‍ഷകര്‍ പ്രതിസന്ധിയില്‍
- Details
- Published on Saturday, 28 January 2012 08:05
ഇടുക്കി: വില കുത്തനെ ഇടിഞ്ഞതും വാങ്ങാനാളില്ലാത്തതും മൂലം മറയൂര്‍ ശര്‍ക്കര കെട്ടിക്കിടക്കുന്നത് കരിമ്പുകര്‍ഷകരെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരുകിലോ ശര്‍ക്കരയുടെ വിലയില്‍ 14 രൂപയുടെ കുറവാണുണ്ടായത്. 60 കിലോ വീതം വരുന്ന ബാഗുകളായാണ് മറയൂരില്‍ കര്‍ഷകര്‍ ശര്‍ക്കര വിപണിയില്‍ എത്തിക്കുന്നത്. ഒരു ബാഗിന് രണ്ടാഴ്ച മുന്‍പ് 2700 രൂപയായിരുന്നു വില. അതായത് കിലോയ്ക്ക് 45 രൂപ. എന്നാല്‍, ഇപ്പോഴിത് 1900 രൂപയിലെത്തി നില്‍ക്കുന്നു. ഈ വിലയ്ക്ക് പോലും ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം ആയിരക്കണക്കിന് കിലോ ശര്‍ക്കരയാണ് വില്ക്കാനാവാതെ കര്‍ഷകര്‍ സൂക്ഷിച്ചിരിക്കുന്നത്.“
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് കേരള തമിഴ്‌നാട്
അന്തര്‍ സംസ്ഥാന ഗതാഗതം നിലച്ചതിനെത്തുടര്‍ന്ന് ഒരു മാസത്തോളം തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കുള്ള ശര്‍ക്കര വരവ് നിലച്ചിരുന്നു. ഇത് തമിഴ്‌നാട്ടില്‍ ശര്‍ക്കര കെട്ടിക്കിടക്കാന്‍ കാരണമായി. ഇപ്പോള്‍ ഗതാഗതം പുനസ്ഥാപിച്ചതോടെ ഈ കെട്ടിക്കിടന്ന ശര്‍ക്കര മുഴുവന്‍ വിലകുറച്ച് കേരളത്തിലെ വിപണിയിലേക്കെത്തിക്കുകയാണ്. ഇതാണ് മറയൂര്‍ ശര്‍ക്കരയ്ക്ക് വിനയായത്.
തമിഴ്‌നാട്ടില്‍ മധുര, തേനി, വിരുതനഗര്‍ ജില്ലകളില്‍ നിന്നാണ് ശര്‍ക്കര കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. ഉത്പാദന ചെലവ് കേരളത്തെ അപേക്ഷിച്ച് ഇവിടെ പകുതി മാത്രമാണ്്. ഇതുമൂലം വില കുറച്ച് വില്പന നടത്തിയാലും തമിഴ്‌നാട്ടിലെ കര്‍ഷകന് നഷ്ടം സംഭവിക്കുന്നില്ല. മറയൂര്‍ മേഖലയില്‍ ഓരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കി ശര്‍ക്കര ഉത്പാദിപ്പിക്കുന്നതിന് അന്‍പതിനായിരം രൂപവരെ ചെലവ് വരുന്നുണ്ട്. ഒരേക്കറില്‍നിന്ന് ശരാശരി 300 കിലോ ശര്‍ക്കരയാണ് ഉത്പാദിപ്പിക്കാനാകുന്നത്. ഇതില്‍ 40 ശതമാനം സെക്കന്‍ഡ് ക്വാളിറ്റി വിഭാഗത്തില്‍പ്പെടുന്നതിനാല്‍ കുറഞ്ഞ വിലയ്്ക്ക് മാത്രമേ വില്ക്കാനാവുകയുള്ളു. രാസപദാര്‍ഥങ്ങളൊന്നും ചേര്‍ക്കാതെ ഉന്നത ഗുണനിലവാരത്തില്‍ ഉണ്ടാക്കുന്നതിനാല്‍ മറയൂര്‍ ശര്‍ക്കര വിപണി പ്രതിസന്ധി നേരിടുന്നില്ല.
ഇപ്പോള്‍ തമിഴ്‌നാടന്‍ ശര്‍ക്കരയുടെ കടന്നുകയറ്റത്തോടെ വില്ക്കാന്‍ കഴിയാത്തതിനാല്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ കര്‍ഷകര്‍ ശര്‍ക്കര ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഉത്പാദിപ്പിക്കുന്ന ശര്‍ക്കര വില്ക്കാനാവാതെ സൂക്ഷിക്കേണ്ടിവരുന്നതും കര്‍ഷകര്‍ക്ക് വന്‍ നഷ്ടത്തിന് കരണമാകും. ഒരു മാസത്തില്‍ കൂടുതല്‍ ഇവ ചാക്കില്‍ കെട്ടി സൂക്ഷിച്ചാല്‍ ഇതിന്റെ നിറത്തിലും ഗുണത്തിലും വ്യത്യാസമുണ്ടാകുകയും ഡിമാന്‍ഡ് കുറയുകയും ചെയ്യും.







