അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സമ്പൂര്‍ണ ചരിത്രത്തിന്റെ ആദ്യഭാഗം പൂര്‍ത്തിയായി
- Details
- Published on Sunday, 25 September 2011 08:43
കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകളും വയനാട് ജില്ലയുടെ വടക്കന്‍ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമ്പൂര്‍ണ ചരിത്രത്തിന്റെ ആദ്യഭാഗം പൂര്‍ത്തിയായതായി മുഖ്യപത്രാധിപര്‍ പി ജയരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലാണ് ചരിത്രരചന നടത്തുന്നത്. പാട്യം ദിനാചരണത്തിന്റെ ഭാഗമായി 27ന് പാട്യത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആദ്യ സഞ്ചികയുടെ പ്രകാശനം നിര്‍വഹിക്കും. 1940ല്‍ തലശ്ശേരിയില്‍ സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ വളണ്ടിയര്‍ ക്യാപ്റ്റനായിരുന്ന കുനിയില്‍ കൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങും. 1941 മുതല്‍ 1957വരെയുള്ള ചരിത്രമാണ് രണ്ടാം സഞ്ചികയില്‍ ഉള്‍പ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പാട്യം ഗവേഷണകേന്ദ്രം, കമ്യുണിസ്റ്റ് ചരിത്ര രചനയുടെ പ്രവര്‍ത്തനങ്ങളിലായിരുന്നു. ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണ ജനങ്ങളും ചോര ചീന്തിയും ജീവന്‍ ബലിനല്‍കിയും നടത്തിയ ഐതിഹാസിക സമരങ്ങളുടെ ചരിത്രത്തിലേക്കുള്ള പ്രവേശിക കൂടിയാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗമെന്നും ജയരാജന്‍ വിശദീകരിച്ചു. മണ്ണും മനുഷ്യനും, ചരിത്രത്തിലേക്ക്, നവോത്ഥാനം, ദേശീയ പ്രസ്ഥാനം എന്നീ അധ്യായങ്ങളിലൂടെ സാമൂഹ്യ വികാസത്തിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്ന പുസ്തകം, കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും വിശദമായി പരിശോധിക്കുകയാണ്.
പരമ്പരാഗത ചരിത്രത്തിന് വെളിയിലായി പോകാറുള്ള സാമാന്യ ജനങ്ങളുടെ പങ്കാളിത്തവും സ്ഥാനവും അടയാളപ്പെടുത്താനും പുസ്തകം ശ്രമിക്കുന്നുണ്ട്. ഇതുവരെ പുറത്തുവരാത്ത അപൂര്‍വ ചരിത്രരേഖകളും ജയില്‍ രേഖകളും മലബാര്‍ കലാപവും കണ്ണൂര്‍ ജില്ലയുമായുള്ള ബന്ധവുമെല്ലാം ഈ ഗ്രന്ഥത്തില്‍ ഇടം പിടിക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു. കമ്യുണിസ്റ്റ് പാര്‍ട്ടി രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ ത്യാഗോജ്ജ്വല സമരങ്ങള്‍ക്ക് തുടക്കം കുറിച്ച 1940 സെപ്തംബര്‍ 15ന്റെ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണവും രക്തരൂക്ഷിത സംഘട്ടനങ്ങളും പ്രതിപാദിക്കുന്ന ഒന്നാം ഭഗത്തിന് 440 പേജ് വരും. എഡിറ്റര്‍ പ്രഫ. സി പി അബൂബക്കര്‍, കോ- ഓഡിനേറ്റര്‍ കീച്ചേരി രാഘവന്‍, ഡോ. സി ബാലന്‍, കവിയൂര്‍ രാജഗോപാലന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ജി ഡി നായര്‍, ഇ വി സജ്‌നേഷ് എന്നിവരടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡാണ് പുസ്തകം തയ്യാറാക്കിയത്.






