നഴ്‌സറി പ്രവേശം പ്രായപരിധി മൂന്നുമതി: ദല്‍ഹി ഹൈക്കോടതി
- Details
- Published on Saturday, 28 January 2012 06:39
ന്യൂദല്‍ഹി: നഴ്‌സറി പ്രവേശത്തിനുള്ള പ്രായപരിധി മൂന്നു വയസില്‍ നിന്ന് നാലാക്കി ഉയര്‍ത്തണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. നഴ്‌സറി പ്രവേശനത്തിനുള്ള പ്രായപരിധി നാലായി ഉയര്‍ത്തണമെന്ന് എ കെ ഗാംഗുലി കമ്മിറ്റി 2007ല്‍ ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ പ്രായപരിധി ഉയര്‍ത്താനാകില്ലെന്ന് ഒരു സാമൂഹിക സംഘടന സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
മൂന്ന് വയസ്സില്‍ പ്രവേശനം നല്‍കുന്നത് കുട്ടികള്‍ക്ക് മാനസികമായും ശാരീരികമായും സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗാംഗുലി കമ്മിറ്റി നഴ്‌സറി പ്രവേശനത്തിനുള്ള പ്രായപരിധി നാലാക്കണമെന്ന് ശിപാര്‍ശ ചെയ്തത്. പ്രായപരിധി ഉയര്‍ത്തുന്നത് കുട്ടികളുടെയും മാതാപിതാക്കളുടെയും സമ്മര്‍ദം കുറയ്ക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ശിപാര്‍ശ നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു ദല്‍ഹി സര്‍ക്കാരിന്റെ നിലപാട്. തിരക്കിട്ട് ശിപാര്‍ശ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.







