ഇന്ത്യയും യു എ ഇയും തടവുകാരെ കൈമാറും
- Details
- Published on Wednesday, 23 November 2011 23:13
സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
ന്യൂദല്‍ഹി: തടവുകാരെ കൈമാറുന്നതിനും സുരക്ഷാ സഹകരണത്തിനുമുള്ള സുപ്രധാന കരാറുകളില്‍ ഇന്ത്യയും യു എ ഇയും ഒപ്പുവെച്ചു. ആഭ്യന്തരമന്ത്രി പി ചിദംബരവും യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സയ്ഫ് ബിന്‍ സഈദ് അല്‍നഹ്‌യാനുമാണ് കരാറുകളില്‍ ഒപ്പുവെച്ചത്.
നിലവില്‍ ഒരു യു എ ഇ സ്വദേശി മാത്രമാണ് ഇന്ത്യയില്‍ ശിക്ഷ അനുഭവിക്കുന്നതെങ്കിലും യു എ ഇ ജയിലുകളില്‍ 1,200ഓളം ഇന്ത്യന്‍ തടവുകാരുണ്ട്. യു എ ഇ ജയിലുകളില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക. തടവുജീവിതത്തിന്റെ ശിഷ്ടകാലം ഇന്ത്യന്‍ ജയിലുകളില്‍ തുടരണമെന്നാണ് വ്യവസ്ഥ. ഉഭയകക്ഷി ബന്ധങ്ങളില്‍ ശക്തി പകരുന്നതോടൊപ്പം തടവുകാര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് കരാര്‍. അന്താരാഷ്ട്ര ക്രിമിനല്‍, മയക്കുമരുന്ന് കടത്ത് സംഘങ്ങളെ നിയന്ത്രിക്കുക, ആയുധങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടേയും കൈമാറ്റം തടയുക, പൊലീസ് ഉദ്യോഗ്‌സഥര്‍ക്ക് പരിശീലനം നല്കുക തുടങ്ങിയവയും കരാറിന്റെ പരിധിയില്‍ വരുന്നുണ്ട്.






