ബി ജെ പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; വിവാദങ്ങള്‍ ബാക്കി

തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെതിരെ ബി ജെ പി നേതാക്കളുടെ രൂക്ഷവിമര്‍ശം. തര്‍ക്കങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമൊടുവില്‍ പിറവം ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ ബി ജെ പി നേതൃയോഗം തെരഞ്ഞെടുത്തു.

കെ ആര്‍ രാജഗോപാലാണ് പിറവത്ത് ബി ജെ പിക്ക് വേണ്ടി മല്‍സരിക്കുക. രാജഗോപാല്‍ ഇന്ന് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കും.
 ഇന്നലെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ നേതാക്കള്‍ വിട്ടുനിന്നത് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ആഭ്യന്തര കെട്ടുറപ്പില്ലായ്മ വ്യക്തമാക്കി. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ അഡ്വ. പി എസ് ശ്രീധരന്‍പിള്ള, സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ എന്നിവരാണ്  യോഗം ബഹിഷ്‌കരിച്ചത്. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍, യുവനേതാവ് എം ടി രമേശ് ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശം നടത്തി.
കോര്‍ കമ്മിറ്റിയോ നേതൃയോഗമോ ചേരുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വി മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനം നടത്തിയതാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്.
പിറവം പോലുള്ള മണ്ഡലത്തില്‍ നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ഒരു നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതാണ് അഭികാമ്യമെന്ന് ഒരുവിഭാഗം യോഗത്തില്‍ തുറന്നടിച്ചു. എന്നാല്‍ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിക്കേണ്ടെന്നായിരുന്നു മുരളീധരന്റെ മറുപടി.  മുരളീധരന്റെ മറുപടി ധിക്കാരത്തിന്റെ സ്വരമാണെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗത്തില്‍ പങ്കെടുത്ത ഒരുവിഭാഗം ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് ഒറ്റയ്ക്കല്ല തീരുമാനിക്കേണ്ടതെന്നും അത് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അതിന്റേതായ ചിട്ടവട്ടങ്ങളുണ്ടെന്നും ഒ രാജഗോപാലും അഭിപ്രായപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് യോഗം പിരിയുകയായിരുന്നു.

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3