സിറിയ: ഷെല്ലാക്രമണത്തില്‍ വിദേശ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
- Details
- Published on Wednesday, 22 February 2012 22:30
ഹോംസ്: ഹോംസ് നഗരത്തില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ വിദേശ പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടു. സണ്‍ഡേ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മേരി കോല്‍വിനും ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ റെമി ഒച്ച്‌ലികുമാണ് കൊല്ലപ്പെട്ടതെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ഉമര്‍ ശാക്കിര്‍ പറഞ്ഞു. സണ്‍ഡേ ടൈംസ് ഫോട്ടോഗ്രാഫര്‍ പോള്‍ കോണ്‍റോയിക്കും ആക്രമണത്തില്‍ ഗുരുതരമായ പരുക്കുണ്ട്.
ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ സിറിയയില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഫ്രഞ്ച് അധികൃതര്‍ സ്ഥിരീകരിച്ചു. മാധ്യമ പ്രവര്‍ത്തകരെ കൂടാതെ ഒമ്പത് പേര്‍ വിവിധ പ്രദേശങ്ങളിലുണ്ടായ ഷെല്ലാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ ശക്തമായി തന്നെ തുടരുകയാണ്.
സിറിയന്‍ നഗരമായ ബാബ് അമറില്‍ 20 ദിവസമായി ശക്തമായ ആക്രമണം തുടരുകയാണ്. പ്രദേശത്തെ മാനുഷിക വിഷയങ്ങള്‍ സംബന്ധിച്ച ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബാബ് അമറിലെ സ്ഥിതി അതീവ ദയനീയമാണെന്നും പ്രദേശവാസികള്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. 18 ദിവസമായി ബാബ് അമറിലേക്ക് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. വൈദ്യൂതിയോ പാചകത്തിനുള്ള ഓയിലിനും ക്ഷാമം നേരിടുകയാണ്. പല കുടുംബങ്ങളും പട്ടിണിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബോംബാക്രമണം ഭയന്ന് ജനങ്ങള്‍ പള്ളിയില്‍ അഭയം തേടുകയാണ്. പക്ഷേ പള്ളിയിലും സിറിയന്‍ സൈന്യം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബ് അമറാണ് സായുധ പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രമെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ഇവിടെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മരിച്ചവരെ അടക്കം ചെയ്യുന്നതിലും പല പ്രദേശങ്ങളിലും ബുദ്ധിമുട്ട് നേരിടുകയാണ്. മരുന്ന് വിതരണത്തിനും ക്ഷാമം നേരിടുകയാണ്.
ഇദ്‌ലിബ് പ്രവിശ്യയിലെ ഇദിറ്റ, ഇബ്‌ലിന്‍, ബല്‍ഷോണ്‍ ഗ്രാമങ്ങളിലാണ് സൈന്യം ശക്തമായ ആക്രമണം നടത്തുന്നത്. ആളുകളെ സൈന്യം വീടുകളില്‍ കയറി ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മരിക്കുന്നതിന് മുമ്പ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടര്‍ മരിയ കൊല്‍വിന്‍ ബി ബി സുമായി ഫോണില്‍ സംഭാഷണം നടത്തിയതായി പറയുന്നു.
സിറിയയിലെ സ്ഥിതി രൂക്ഷമാണെന്നും രണ്ട് വയസ്സായ കുഞ്ഞിനെ കൊല്ലുന്ന രംഗത്തിന് സാക്ഷിയായെന്നും മരിയ ഫോണില്‍ പറഞ്ഞതായി ബിബിസി അറിയിച്ചു. ഇത്തരത്തിലൊരവസ്ഥ തുടകാന്‍ അന്താരാഷ്ട്ര സമൂഹം എങ്ങനെ അനുവദിക്കുന്നുവെന്നതിനെ കുറിച്ച് ഇവിടെയുള്ളവര്‍ക്ക് മനസ്സിലാകുന്നില്ലെന്നും മരിയ ബി ബി സി യോട് പറഞ്ഞിരുന്നു.
2001 ലെ ഏറ്റവും നല്ല വിദേശ റിപ്പോര്‍ട്ടര്‍ക്കുള്ള ബ്രിട്ടീഷ് പ്രസ് അവാര്‍ഡ് മരിയ കൊല്‍വിനായിരുന്നു. ശ്രീലങ്കയില്‍ ഉണ്ടായ ഒരു ഗ്രനേഡ് ആക്രമണത്തില്‍ മരിയയുടെ കണ്ണിന്റെ കാഴ്ച്ച നേരത്തെ നഷ്ടപ്പെട്ടിരുന്നു.ലിബിയ, തുണീഷ്യ, ഈജിപത് എന്നിവടങ്ങളില്‍ വിപ്ലവം നടന്നപ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഒച്ചിലിക് അവിടിങ്ങളില്‍ എത്തിയിരുന്നു.
ബഷര്‍ അല്‍ അസദിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ പ്രക്ഷോഭത്തില്‍ 80000പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹോംസില്‍ മാത്രം 3000പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.






