ബാഗ്ദാദില്‍ സ്‌ഫോടനം: 28 പേര്‍ കൊല്ലപ്പെട്ടു
- Details
- Published on Saturday, 28 January 2012 07:15
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ബാഗ്ദാദിലെ ശിആ മേഖലയായ സഫറാനിയയിലെ മാര്‍ക്കറ്റില്‍ ഒരു ശവ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒത്തുകൂടിയവരാണ് സ്‌ഫോടത്തില്‍ കൊല്ലപ്പെട്ടത്. സംസ്‌കാര ചടങ്ങിനൊപ്പമുള്ള സുരക്ഷാവാഹനങ്ങളെ മറികടന്നാണ് ടാക്‌സി കാറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വന്‍ സ്‌ഫോടനമാണ് നടന്നതെന്നും മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിആ വിഭാഗക്കാരനായ മുഹമ്മദ് അല് മാലികി എന്ന റിയല്‍ എസറ്റേറ്റ് ഏജന്റിന്റെ സംസ്‌കാരത്തിനിടെയാണ് സംഭവമെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെയും ഭാര്യയെയും മകനെയും കഴിഞ്ഞദിവസം യര്‍മൂകില്‍ അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നു. മാലികിയുടെ മയ്യിത്തുമായി ആളുകള്‍ സംസ്‌കാര സ്ഥലത്തെക്ക് പോകുകയായിരുന്നുവെന്നും അപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ സേന ഇറാഖ് വിട്ട ശേഷം നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയിലൊന്നാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശിആക്കള്‍ക്കെതിരെയുള്ള ആക്രമണം തുടരുമെന്ന അല്‍ ഖാഇദയുടെ മുന്നറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാന നഗരിയില്‍ സ്‌ഫോടനം അരങ്ങേറിയത്. അമേരിക്കന്‍ സൈന്യം ഇറാഖില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം രാജ്യത്ത് തുടര്‍ച്ചയായി ആക്രമണ പരമ്പരകള്‍ അരങ്ങേറുന്നത് സര്‍ക്കാരിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇറാഖില്‍ ഇക്കൊല്ലം മാത്രം വ്യത്യസ്ത ആക്രമണങ്ങളിലായി ഇതേവരെ 200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ശിയാ വിഭാഗത്തിനു അടുത്തിടെനിരന്തരഅക്രമണങ്ങളാണ് നടക്കുന്നത്.







