അഫ്ഗാനില്‍ കാര്‍ബോംബാക്രമണം: നാല് നാറ്റോപുനരുദ്ധാരണ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
- Details
- Published on Saturday, 28 January 2012 07:14
കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്താനില്‍ നാറ്റോ സേനയുടെ നേതൃത്വത്തിലുള്ള പുനരുദ്ധാരണ സംഘത്തിനെ നേരെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവര്‍ നാലുപേരും അഫ്ഗാന്‍ പൗരന്‍മാരാണ്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുമെന്ന് പ്രദേശിക സര്‍ക്കാര്‍ വക്താവ് ദൗത് അഹമ്മദി പറഞ്ഞു. ഹെല്‍മന്ദ് പ്രവിശ്യയിലെ ലഷ്‌കര്‍കാ മേഖലയില്‍ നാറ്റോ വാഹനം കടന്നുപോകുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് റോഡരികില്‍ കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സംഘത്തില്‍ വിദേശിയരുണ്ടായിരുന്നുവെങ്കിലും അവരില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ അന്താരാഷ്ട്ര സൈന്യത്തെയും തദ്ദേശിയരെയും ഉള്‍പ്പെടുത്തിയാണ് നാറ്റോ പുനരുദ്ധാരണ സംഘം രൂപപ്പെടുത്തിയത്.
അഫ്ഗാനില്‍ നിരവധി പുനരുദ്ധാരണ പദ്ധതികള്‍ ഇവര്‍ നടത്തുന്നുണ്ട്. പ്രവിശ്യയിലെ വിദ്യാഭ്യാസവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായതെന്ന് അഭ്യന്തരമന്ത്രാലയ വക്താവ് പറഞ്ഞു. ഇത് ഇപ്പോള്‍ പുനരുദ്ധാരണ സംഘത്തിന്റെ ഓഫീസായാണ് പ്രവര്‍ത്തിക്കുന്നത്.
സ്‌ഫോടനത്തിന്റെ ആഘതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. താലിബാന്‍ ശക്തികേന്ദ്രമായിരുന്ന ഹെല്‍മന്ദ് പ്രവിശ്യയില്‍ നാറ്റോ സേന നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാരിന് വീണ്ടും നിയന്ത്രണമേറ്റെടുക്കാന്‍ കഴിഞ്ഞിരുന്നു. അതേസമയം കിഴക്കന്‍ അഫ്ഗാനില്‍ തീവ്രവാദികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു യുവതിയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.







