അറബ് ലീഗ്: കാലാവധി ഒരു മാസം കൂടി നീട്ടി
- Details
- Published on Wednesday, 25 January 2012 22:54
ദമസ്‌കസ്: സിറിയയില്‍ സന്ദര്‍ശനം നടത്തുന്ന അറബ് ലീഗ് നിരീക്ഷക സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടാനുള്ള തീരുമാനം സിറിയ അംഗീകരിച്ചു. കലാപം രൂക്ഷമായ സാഹചര്യത്തില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറബ്‌ലീഗ് സിറിയയില്‍ എത്തിയത്.
ദൗത്യസംഘത്തിന്റെ കാലാവധി ഒരു മാസം കൂടി നീട്ടുന്നതിനു സിറിയന്‍ ഭരണകൂടം അനുമതി നല്‍കിയതായും ഇക്കാര്യം അറബ് ലീഗിനെ അറിയിച്ചതായും വിദേശകാര്യമന്ത്രി വാലിദ് മുഅല്ലം വ്യക്തമാക്കി. കാലാവധി നീട്ടിയ സാഹചര്യത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഫെബ്രുവരി 23 വരെ അറബ് ലീഗിന് സിറിയയില്‍ തുടരാം. കഴിഞ്ഞ ഡിസംബറിലാണ് ദൗത്യസംഘം സിറിയയില്‍ എത്തിയത്. കഴിഞ്ഞദിവസം കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗിന്റെ യോഗത്തില്‍ രണ്ടാഴ്ചയ്ക്കകം സിറിയന്‍ സര്‍ക്കാര്‍ പ്രതിപക്ഷകക്ഷികളുമായി ചര്‍ച്ച ആരംഭിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതു സിറിയന്‍ സര്‍ക്കാരിനെ അറിയിച്ചെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
ഇതിനിടെ, സിറിയയിലെ അറബ് നിരീക്ഷക സംഘത്തില്‍ നിന്നു പിന്മാറാന്‍ ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) തീരുമാനിച്ചു. ഇതിനിടെ,കഴിഞ്ഞ ദിവസം സിറിയയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അറുപതു പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അറിയിച്ചു.







