അറബ് ലീഗ് നിരീക്ഷണ സംഘത്തില്‍ നിന്ന് പ്രതിനിധികളെ പിന്‍വലിക്കുമെന്ന് ജി സി സി

റിയാദ്: സിറിയയിലെ അറബ് ലീഗ് നിരീക്ഷകരെ പിന്‍വലിക്കാന്‍ ഗള്‍ഫിലെ അറബ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചു.
സിറിയന്‍ പ്രശ്‌നത്തില്‍ അറബ് ലീഗിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് നിരീക്ഷകരെ പിന്‍വലിക്കുന്നത് .
തങ്ങളുടെ പ്രതിനിധികളെ പിന്‍വലിക്കുമെന്ന് സഊദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളും സഊദി തീരുമാനത്തിന്  പിന്തുണ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.സിറിയിലെ പ്രശ്‌നങ്ങള്‍ അതി രൂക്ഷമായ സാഹചര്യത്തില്‍  സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ സമയം അതിക്രമിച്ചെന്ന് സഊദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.അറബ് ലീഗ് നിര്‍ദ്ദേശങ്ങളും സമാധാനകാംക്ഷികളായവരുടെ അഭിപ്രായങ്ങളും മുഖവിലക്കെടുക്കാന്‍ അസദ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
റിയാദിലെ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സഊദി ഇക്കാര്യം അറിയിച്ചത്.
സഊദി ഭരണാധികാരി അബ്ദുല്ല രാജാവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സിറിയന്‍ പ്രശ്‌നത്തില്‍ ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നതായി യോഗം തീരുമാനമെടുക്കുകയായിരുന്നു.മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ സാമൂഹ്യക്ഷേമ മന്ത്രി യൂസുഫ് അല്‍ ഉതൈമിനാണ് വെളിപ്പെടുത്തിയത്.
അതിനിടെ  പ്രസിഡന്റ്  ബഷാര്‍ അല്‍ അസദ് ഭരണം വൈസ് പ്രസിഡന്റിന് കൈമാറണമെന്ന് അറബ് ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജനകീയ സര്‍ക്കാറിനായി ഉടന്‍ തെരഞ്ഞെടുപ്പുനടത്തണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍  അറബ് ലീഗിന്റെ ആവശ്യം സിറിയന്‍ ദേശീയ സമിതി (എസ എന്‍ സി) തള്ളുകയായിരുന്നു. സിറിയന്‍ ജനതക്ക്  എതിരായ തീരുമാനമാണ് ഇതെന്നാണ് അവരുടെ വാദം.സിറിയന്‍ ജനതക്കെതിരായ ഗൂഢാലോചനയാണ് പ്രമേയമെന്നും  എസ എന്‍ സി ആരോപിച്ചിട്ടുണ്ട്.
യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനോട് അധികാരമൊഴിയാന്‍ ജി സി സി രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേ രീതിയിലാണ് അസദിനോടും ആവശ്യപ്പെട്ടതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും അറബ് ലീഗ് നേതാവുമായ ജാസിം അല്‍ഥാനി പറഞ്ഞിരുന്നു. 10 മാസമായി സിറിയയില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ ഇതിനകം 5,400 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് യു എന്‍ റിപ്പോര്‍ട്ട.്
അറബ് ലീഗിന്റെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവിലാണ് നീരീക്ഷകരെ അനുവദിക്കാനുള്ള ഉടമ്പടിക്ക് സിറിയ സമ്മതം മൂളിയത്.എന്നാല്‍ നിരീക്ഷകര്‍ അവിടെ സന്ദര്‍ശനം നടത്തുന്ന സമയത്തും സിവിലിയന്‍മാര്‍ക്കെതിരെ രൂക്ഷമായ ആക്രമണങ്ങളാണ് ഉണ്ടായത്.
നിരീക്ഷക സംഘത്തിന്റെ സാന്നിധ്യമുള്ളപ്പോള്‍തന്നെ നാനൂറിലേറെ ആളുകളെ അവിടെ പട്ടാളം വെടിവെച്ച് കൊന്നിരുന്നു.
 അറബ് ലീഗിന്റെ ഇടപെടലുകള്‍ സിറിയയിലെ ഏകാധിപത്യ ഭരണകൂടത്തിന് ഒരു തരത്തിലുള്ളമാറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിരുന്നു.

Other News in this Category

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3