അറബ് ലീഗിന്റെ പുതിയ നിര്‍ദേശം സിറിയ തള്ളി
- Details
- Published on Tuesday, 24 January 2012 10:21
ബയ്‌റൂത്ത്: ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ അറബ് ലീഗ് മുന്നോട്ട് വച്ച പുതിയ പദ്ധതി സിറിയ തള്ളി.
കഴിഞ്ഞ പത്ത് മാസത്തോളമായി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അസദിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പരിഹാരം കുറിക്കുകയെന്ന നലയില്‍ അറബ് ലീഗ് മുന്നോട്ടുവച്ച പുതിയ നിര്‍ദ്ദേശമാണ് സിറിയ തള്ളിയത്.
രാജ്യത്ത് രണ്ടു മാസത്തിനുള്ളില്‍ ഇപ്പോഴത്തെ സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്നുള്ള സഖ്യകക്ഷി ഭരണകൂടം സ്ഥാപിക്കുകയെന്ന നിര്‍ദ്ദേശമാണ് ലീഗ് മുന്നോട്ടു വച്ചത്.
അറബ് ലീഗിനെ പ്രതിനിധീകരിച്ച് ഖത്തര്‍ പ്രധാനമന്ത്രി ഹമദ്ബിന്‍ ജാസിം അല്‍ഥാനിയായാണ് കഴിഞ്ഞ ദിവസം കെയ്‌റോയില്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനായിലൂടെ അധികൃതരുടെ പ്രസ്ഥാവന പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചോടെയാണ് സിറിയയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. പ്രസിഡന്റ് ബശാര്‍ അല്‍ അസിനെതിരെയുള്ള പ്രക്ഷോഭത്തെ സൈനികരെ ഉപയോഗിച്ച് നേരിടാനാണ് അസദ് തീരുമാനിച്ചത്.
യു എന്‍ കണക്കുകള്‍ പ്രകാരം അയ്യായിരത്തിലേറപ്പേര്‍ സിറിയന്‍ മണ്ണില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.അറബ്, അന്തര്‍ ദേശീയ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കണമെന്നുമായിരുന്നു അറബ് ലീഗ് ആവശ്യപ്പെട്ടത്.
സിറിയയിലെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമായും അതിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണ് ലീഗ് പദ്ധതിയെന്നാണ് പേരു വെളിപ്പെടുത്താത്ത സിറിയന്‍ വക്താവ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ പശ്ചാത്യരുടെ സഹായത്താലുള്ള ഭീകര പ്രവര്‍ത്തനങ്ങളാണെന്നാണ് സിറയന്‍ സര്‍ക്കാരിന്റെ അഭിപ്രായം.
അതിനിടെ സിറിയയില്‍ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ അറബ് ലീഗ് തങ്ങളുടെ നിരീക്ഷക സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടാന്‍ തീരുമാനിച്ചു.
നിരീക്ഷകരുടെ എണ്ണവും കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയില്‍ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിലുള്ള സംഘത്തിന്റെ കാലാവധി കഴിഞ്ഞ വ്യാഴാഴ്ച അവസാനിച്ചിരുന്നു.
സിറിയന്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ യു എന്നിന്റെ സഹായം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയന്‍ സര്‍ക്കാരും പ്രതിപക്ഷവും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ലീഗ്‌യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ സിറിയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ അറബ് ലീഗ് പരാജയപ്പെട്ടതായി സഊദി ആരോപിച്ചതായ റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.
അറബ് ലീഗ് നിരീക്ഷകസംഘത്തില്‍ നിന്ന് തങ്ങളുടെ പ്രതിനിധികളെ പിന്‍വലിക്കുമെന്ന് സഊദി സൂചിപ്പിച്ചിട്ടുണ്ട്.







