പുകവലിക്കാര്‍ സൂക്ഷിക്കുക, രോഗം പിന്നാലെയുണ്ട്
- Details
- Published on Saturday, 18 February 2012 13:09
ഓഹിയോ: പുകവലി ശരീരത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും പെട്ടെന്ന് രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. സാധാരണ രീതിയില്‍ ആരോഗ്യമുള്ള ഒരു വ്യക്തിയുടെ വായില്‍ പ്രകൃതിദത്തമായ ചില നല്ല ബാക്ടീയകളുണ്ടാകും. എന്നാല്‍ പുകവലിക്കാരുടെ വായില്‍ വ്യത്യസ്തമായ ചില ബാക്ടീരകളാണ് കാണപ്പെടുന്നത്. ഈ വ്യത്യാസം കാണിക്കുന്നത് സ്ഥിരമായി പുകവലിക്കുന്നവരുടെ വായില്‍ ദോഷകരമായ ബാക്ടീയകള്‍ വളരുമെന്നും ഇത് പലതരം രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണെന്ന് ഓഹിയോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. പുകവലിക്കുന്നവരുടേയും അല്ലാത്തവരുടേയും വായില്‍ നിന്നെടുത്ത പഞ്ഞിയും പല്ലിന്റെ മേലെയുള്ള ആവരണത്തിലും ഡി എന്‍ എ പരിശോധന നടത്തുകയാണ് ഗവേഷകര്‍ ചെയ്തത്. വ്യത്യസ്തമായ ദിവസങ്ങളില്‍ വായില്‍ വെച്ച പഞ്ഞിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരീക്ഷണത്തിന് വിധേയമാക്കുന്നവരുടെ വായ വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പല്ലും മോണയും വൃത്തിയാക്കിയ ശേഷം പുകവലിക്കുന്നവരുടെ വായില്‍ 24 മണിക്കൂറിനുള്ളില്‍ ദോഷകരവും മാരകവുമായ ബാക്ടീരിയ അടിഞ്ഞു കൂടുന്നുവെന്നാണ് ഗവേഷണം തെളിയിച്ചത്. അതെസമയം, പുകവലിക്കാത്തവരുടെ വായ സാധരണ രീതിയില്‍ ആരോഗ്യകരമായി നിലനില്‍ക്കുകയും ചെയ്യും. പുകവലിക്കുന്നവരുടെ രോഗപ്രതിരോധ ശക്തിയും ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. സൈറ്റോകിന്‍ എന്ന വസ്തു പുകവലിക്കാരുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയും മോണപഴുപ്പ് പോലെയുള്ള ദന്ത രോഗങ്ങള്‍ പെട്ടെന്ന് പിടിപെടുകയും ചെയ്യുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയതായി മെഡിക്കല്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.






